സാധാരണയായി ഏപ്രിലിലാണ് കണിക്കൊന്നകൾ പൂക്കുന്നത്. എന്നാൽ ഇപ്പോൾ ജനുവരി, ഫെബ്രുവരി, ഒക്ടോബർ മാസങ്ങളിലും പൂക്കുന്നതായി കാണാം. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ പ്രധാന കാരണം. ആഗോളതാപനവും അന്തരീക്ഷ താപനിലയിലെ വർധനയും ചെടികളെ നേരത്തേ പൂക്കാൻ പ്രേരിപ്പിക്കുന്നു.

കണിക്കൊന്ന പൂക്കുന്നതിന് 32 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂട് ആവശ്യമാണ്. വേനൽ മുൻപേ വരികയും അന്തരീക്ഷത്തിലെ ചൂട് കൂടുകയും ചെയ്യുമ്പോൾ, 'ഫ്ലോറിജൻ' ഹോർമോൺ ഉത്തേജിതമാവുകയും പൂവിടൽ വേഗത്തിലാവുകയും ചെയ്യുന്നു. മണ്ണിലെ ജലാംശം കുറയുമ്പോൾ, സസ്യങ്ങൾ നേരത്തേ പൂവിടുകയും വിത്തുകൾ ഉത്പാദിപ്പിച്ച് വംശം നിലനിർത്തുകയും ചെയ്യുന്നു.

പ്രകാശത്തിന്റെ തീവ്രതയിലും ലഭിക്കുന്ന സമയത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ചെടികളുടെ ബയോളജിക്കൽ ക്ലോക്കിനെ ബാധിക്കുന്നു. പ്രകൃതിയിലുണ്ടാകുന്ന ചൂടും ജലക്ഷാമവും കണിക്കൊന്നകളെ അവയുടെ യഥാർഥ കാലത്തിന് മുൻപേ പൂക്കാൻ നിർബന്ധിതമാക്കുന്നു. ഇത് പരിസ്ഥിതി മാറ്റങ്ങളുടെ ഒരു സൂചനയാണ്.

Photo and News Source: Mathrubhumi