ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി ഗ്യാസ് ബുക്കിങ്ങിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ്. മെയ് 1 മുതൽ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. സിലിണ്ടർ ബുക്കിങ്ങിലും ഡെലിവറി രീതികളിലും വിലനിർണ്ണയത്തിലും മാറ്റങ്ങൾ വരുമെന്ന് സർക്കാർ അറിയിച്ചു.

ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വത്തെ തുടർന്ന് എണ്ണക്കമ്പനികൾ വിതരണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനാണ് ഈ നടപടി. ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുമായി പുതിയ നിയമങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നു. ബുക്കിങ് ഇടവേളകളിൽ വലിയ മാറ്റമുണ്ട്. നഗരപ്രദേശങ്ങളിൽ ഓരോ ബുക്കിങ്ങിനും ഇടയിൽ 25 ദിവസം കാത്തിരിക്കണം. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തി.

രണ്ട് സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് ഒരു സിലിണ്ടർ വാങ്ങി അടുത്തത് ബുക്ക് ചെയ്യാൻ 35 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും. ഡെലിവറി സുരക്ഷിതമാക്കാൻ Delivery Authentication Code (DAC) അഥവാ OTP സംവിധാനം കൂടുതൽ കർശനമാകും. ഗ്യാസ് എത്തുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകിയാൽ മാത്രമേ സിലിണ്ടർ ലഭിക്കൂ.

ആധാർ അധിഷ്ഠിത ഇ-കെവൈസി നിര്‍ബന്ധമാകുമെന്നും അറിയിച്ചു. ഇതു പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ബുക്കിംഗിൽ തടസ്സം നേരിടാം. സബ്സിഡി തുടരാൻ ഇത് വേഗത്തിൽ പൂർത്തിയാക്കേണ്ടതാണ്. ഗാർഹിക ആവശ്യങ്ങൾക്കായി എൽപിജി സിലിണ്ടറുകൾക്ക് പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ഉപയോഗിക്കുന്നതിലേക്കും മാറാനുള്ള സാധ്യതയുണ്ട്.

Photo and News Source: Sathyam Online