മുംബൈയിലെ ഭെണ്ടി ബസാറിൽ ഒരു കുടുംബത്തിലെ നാലംഗം മരണമടഞ്ഞ സംഭവം പൊലീസ് അന്വേഷിക്കുന്നു. 40 വയസുകാരനായ അബ്ദുല്ല ദോക്കാഡിയും ഭാര്യ നസ്രീനും (35) മക്കളായ ആയിഷ (16) സൈനബ് (13) എന്നിവരാണ് മരണമടഞ്ഞത്. 25-ാം തീയതി രാത്രി 10. 30 ഓടെ ഇവർ ബിരിയാണി കഴിച്ചിരുന്നു. ബന്ധുക്കൾ പോയതിന് ശേഷം പുലർച്ചെ 1-1. 30 ഓടെ ഇവർ തണ്ണിമത്തനും കഴിച്ചു. അടുത്ത ദിവസം രാവിലെ 6 മണിയോടെ നാലുപേരിലും അസ്വസ്ഥതയുണ്ടായി.

പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 10. 30 ഓടെ സൈനബ്, മൂന്ന് മണിക്കൂർ കഴിഞ്ഞ് നസ്രീൻ, വൈകുന്നേരം 5. 15 ഓടെ ആയിഷ, രാത്രി 10. 15 ഓടെ അബ്ദുല്ല എന്നിവർ മരണമടഞ്ഞു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന സംശയം. പഴകിയ തണ്ണിമത്തനാണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Photo and News Source: Asianet News