തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെടുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച സിപിഎമ്മിൽ സജീവമായി തുടരുന്നു.

പിണറായി വിജയൻ പരാജയപ്പെട്ടാൽ, മുന്നണിയെയും പാർട്ടിയെയും നയിക്കാൻ അദ്ദേഹം തയാറാകുമോ എന്നതാണ് പ്രധാന ചോദ്യം. തിരഞ്ഞെടുപ്പ് ഫലം എന്തായാലും, സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും ക്യാപ്റ്റനായ പിണറായി വിജയന് ഉത്തരവാദിത്തം ഉണ്ട്.

ജയിച്ചാൽ മുഖ്യമന്ത്രിയാകുമെന്ന ഉറപ്പുണ്ട്. പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതാവാകാൻ അദ്ദേഹം തയാറാകുമോ എന്നത് സംശയമാണ്. സംസ്ഥാന നേതൃത്വം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ മുതിർന്നേക്കില്ല.

ദേശീയ നേതൃത്വം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഈ ചുമതല ഏൽപ്പിക്കും. രാജ്യത്ത് അധികാരമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ടാൽ, പിണറായി വിജയനെ നേതൃസ്ഥാനത്ത് ഇരുത്തി പ്രതിപക്ഷത്തിരിക്കാൻ ദേശീയ നേതൃത്വം താൽപര്യപ്പെടില്ല.

2031-ലെ തിരഞ്ഞെടുപ്പിനായി പുതിയ നേതൃത്വത്തെ കൊണ്ടുവരാനാണ് ശ്രമം. അപ്പോൾ പിണറായി വിജയനെ തഴഞ്ഞ് കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരിൽ ഒരാളെ പ്രതിപക്ഷ നേതാവാക്കാനാണ് പരിഗണന.

കൊട്ടാരക്കരയിൽ നിന്ന് ബാലഗോപാലും, കളമശ്ശേരിയിൽ നിന്ന് രാജീവും വിജയിച്ചാൽ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെടുമെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ സിപിഎമ്മിൽ തലമുറമാറ്റം സംഭവിക്കുമെന്നാണ് വിശ്വാസം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നാൽ, പിണറായി വിജയൻ പാർട്ടി മാനദണ്ഡപ്രകാരം നേതൃസമിതികളിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ട്.

Photo and News Source: Sathyam Online