സ്റ്റോക്ഹോം: 2025-ലെ സൈനികച്ചെലവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 8.9 ശതമാനം വർധിപ്പിച്ച 9210 കോടി ഡോളർ (8.67 ലക്ഷം കോടി രൂപ) ആണ് ഇന്ത്യയുടെ പ്രതിരോധബജറ്റ്. സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) റിപ്പോർട്ട് പ്രകാരം, ആഗോള സൈനികച്ചെലവ് 2.887 ലക്ഷം കോടി ഡോളറായി (271.75 ലക്ഷം കോടി രൂപ) എത്തി. തുടർച്ചയായ 11-ാം വർഷമാണ് ആഗോള സൈനികച്ചെലവിൽ വർധനയുണ്ടായത്.
ലോകരാജ്യങ്ങളുടെ മൊത്തം സൈനികച്ചെലവിന്റെ 58 ശതമാനവും യുഎസ്, ചൈന, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങളുടെതാണ്. 2025 മേയിലെ ഇന്ത്യ-പാകിസ്താൻ സംഘർഷം മേഖലയിലെ സൈനികച്ചെലവ് വർധിപ്പിക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. പാകിസ്താന്റെ സൈനികച്ചെലവ് 11 ശതമാനം വർധിച്ച് 1190 കോടി ഡോളറായി (1.19 ലക്ഷം കോടി രൂപ) എത്തി. ചൈനയുമായുള്ള ആയുധക്കരാറുകളും പാകിസ്താന്റെ ചെലവ് കൂടാൻ കാരണമായി.
ആഗോളതലത്തിൽ രാജ്യങ്ങൾ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനം സൈനികാവശ്യങ്ങൾക്കായി ചെലവഴിച്ചു. 2024-ൽ ഇത് 2.4 ശതമാനമായിരുന്നു. യൂറോപ്പിന്റെ സൈനികച്ചെലവിൽ 14 ശതമാനം വർധനയുണ്ടായി. ശീതയുദ്ധത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുഎസ് ബജറ്റ് 7.5 ശതമാനം കുറഞ്ഞു. യുക്രൈനിന് നൽകിയിരുന്ന സൈനികസഹായം നിർത്തലാക്കിയതാണ് ഇതിനു കാരണം. ചൈനയുടെ ബജറ്റ് 7.4 ശതമാനം വർധിച്ചു.
Photo and News Source: Mathrubhumi










