അബുദാബി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മറ്റൊരാളുടെ അനുവാദമില്ലാതെ വിവരങ്ങൾ പങ്കിടുന്നത് യുഎഇയിൽ കടുത്ത നിയമനടപടികൾക്ക് ഇടയാക്കും. വ്യക്തിപരമായ സംഭാഷണങ്ങൾ കൈമാറുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. മറ്റൊരാളുടെ സ്വകാര്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളോ ചിത്രങ്ങളോ അവരുടെ സമ്മതമില്ലാതെ പങ്കിടുന്നത് ഗുരുതരമായ കുറ്റമാണ്.

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അപകീർത്തികരമായ ഉള്ളടക്കമോ വ്യാജ വാർത്തകളോ എത്തിയാൽ, സന്ദേശം അയച്ച വ്യക്തിക്കും ഗ്രൂപ്പ് അഡ്മിനും തുല്യ ഉത്തരവാദിത്തം വഹിക്കേണ്ടിവരും. ഗ്രൂപ്പിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പരാജയപ്പെടുന്ന അഡ്മിനുകൾക്കെതിരെയും കേസെടുക്കും. അനുമതിയില്ലാതെ വോയിസ് ക്ലിപ്പുകളോ വീഡിയോകളോ പങ്കിടുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കി ശിക്ഷിക്കും.

യുഎഇയുടെ സൈബർ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കോടിക്കണക്കിന് രൂപ പിഴയായും, ജയില് ശിക്ഷയായും, വിദേശികൾക്ക് രാജ്യത്തുനിന്ന് നാടുകടത്തലായും ശിക്ഷ ലഭിക്കാം. ഏതെങ്കിലും സന്ദേശം ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ ഉറപ്പുവരുത്തുക. വിദ്വേഷ പ്രസംഗങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും ഡിജിറ്റൽ ഇടങ്ങളിൽ പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദുബായ് പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് വലിയ നിയമക്കുരുക്കുകളെ നേരിടേണ്ടിവരും.

Photo and News Source: Janam TV