കാസർകോട് എളേരിത്തട്ടിൽ നാലര വയസുള്ള പെൺകുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. വീട്ടിൽ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

സംസ്ഥാനത്ത് ഇന്ന് പാമ്പ് കടിയേറ്റത് എട്ടുപേർക്കാണ്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ ഒരു വീട്ടിൽ നിന്ന് അഞ്ച് ഉഗ്ര വിഷ പാമ്പുകളെ പിടികൂടി. രമേശിന്റെ വീട്ടിൽ നിന്ന് ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തി. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ പാമ്പിനെ കണ്ടെത്തി. ശുചിമുറിയിലും കിടപ്പുമുറിയിലും രണ്ട് പാമ്പുകളെ കണ്ടെത്തി. അടുക്കള ഭാഗത്തുനിന്നും രണ്ട് പാമ്പുകളെ പിടികൂടി.

കണ്ണൂർ കക്കാട് ഫ്ലാറ്റിൽ സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ലൈറ്റിൽ കയറിയ പാമ്പിനെ റസ്ക്യൂവർ പുറത്തെടുത്തു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ സ്വദേശി അഞ്‌ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്ന് പാമ്പ് കടിയേറ്റു. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് കടിയേറ്റത് തിരിച്ചറിഞ്ഞു. ശങ്കുവരയൻ പാമ്പാണ് ഇരുവരേയും കടിച്ചത്. ഇരുങ്ങാലക്കുട കാറളത്ത് രണ്ട് പേർക്ക് പാമ്പ് കടിയേറ്റു.

Photo and News Source: Newsthen