യുദ്ധത്തിലൂടെയും പ്രകൃതിചൂഷണത്തിലൂടെയും ലോകശാന്തി നശിപ്പിക്കുന്നവരെ മാർപ്പാപ്പ ‘കള്ളന്മാർ’ എന്നു വിളിച്ചു. ചെർണോബിൽ ദുരന്തത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആധുനിക സമൂഹത്തിന്റെ വിനാശകരമായ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചു.

ലോകനേതാക്കൾ ആണവോർജ്ജ ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും സാങ്കേതികവിദ്യ വളരുമ്പോൾ ഉത്തരവാദിത്തബോധവും വർധിക്കണമെന്നും അദ്ദേഹം ben അഭിപ്രായപ്പെട്ടു. ആണവോർജ്ജം മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കുമായി ഉപയോഗിക്കണമെന്നും ഓർമ്മിപ്പിച്ചു.

ആധുനിക ഉപഭോഗസംസ്‌കാരവും യുദ്ധക്കൊതിയും ഭൂമിയുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധക്കാരും സ്വാർത്ഥലാഭത്തിനായി പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നവരും വരുംതലമുറയുടെ സമാധാനം കവരുന്ന ‘കള്ളന്മാരാണെന്ന്’ മാർപ്പാപ്പ ആവർത്തിച്ചു. രക്തരൂക്ഷിതമായ പോരാട്ടങ്ങളും പരിസ്ഥിതി നാശവും തിന്മയെ പോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരുണയുടെയും കരുതലിന്റെയും പാത സ്വീകരിക്കാൻ ലോകത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

1986-ൽ ചെർണോബിലിൽ ഉണ്ടായ ആണവദുരന്തം ലോകത്തിന്റെ ഏറ്റവും വലിയ ആണവദുരന്തമായിരുന്നു. അശ്രദ്ധയും രൂപകൽപ്പനയിലെ പിഴവുകളും മൂലമുണ്ടായ ആ ദുരന്തം ഇന്നും ലോകത്തിന് പാഠമാണ്. ആണവസുരക്ഷയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമുള്ള അവബോധം വർധിപ്പിക്കാൻ ഈ ദുരന്തം ഓർമ്മപ്പെടുത്തുന്നു.

Photo and News Source: Malayalam Express