“മറ്റുള്ളവരെക്കാൾ മികച്ചവനാകാൻ ശ്രമിക്കുന്നതല്ല യഥാർഥ മഹത്ത്വം; ഇപ്പോഴുള്ളതിൽ നിന്ന് കുറച്ചെങ്കിലും മെച്ചപ്പെട്ടവനായി മാറുക എന്നതാണ്” എന്ന ഏണസ്റ്റ് ഹെമിംഗ്വേയുടെ വചനം പ്രചോദനമാണ്. മാറ്റം എന്നത് സ്വപ്നമല്ല, നമ്മെ വളർത്തുന്ന ഒരു പരീക്ഷാമുറിയാണ്. ആരോഗ്യകരമായ ജീവിതം, ചെലവ് നിയന്ത്രണം, നല്ല ശീലങ്ങൾ തുടങ്ങാൻ പലരും തീരുമാനിക്കും. പക്ഷേ, കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പഴയ ശീലങ്ങളിലേക്ക് തിരിച്ചുപോകുന്നു. ഇത് ബലഹീനതയല്ല, മറിച്ച് ഒരു പഠനമാണ്.

ശീലം മാറ്റുക എന്നത് ഒരു തീരുമാനം മാത്രമല്ല; ഒരു സംവിധാനം സൃഷ്ടിക്കലാണ്. മാറ്റം മനസ്സിന്റെ പുനഃക്രമീകരണവും ജീവിതത്തിന്റെ പുനർനിർമാണവും ആവശ്യപ്പെടുന്നു. മാറ്റത്തിന്റെ യഥാർഥ തുടക്കം ആത്മബോധത്തിലാണ്. നമ്മെ പിന്തിരിപ്പിക്കുന്ന കാര്യങ്ങൾ എന്തെന്ന് നമുക്കറിയാം. പക്ഷേ, അതിനെ മറികടക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. ഓരോ ശീലത്തിനും പിന്നിൽ ഒരു ആവശ്യകതയുണ്ടാകും. ഉദാഹരണത്തിന്, രാത്രി സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് ജോലി സമ്മർദത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനായിരിക്കാം. മാറ്റം എളുപ്പമല്ല, പക്ഷേ അത് സാധിക്കാവുന്നതാണ്.

Photo and News Source: Siraj Live