റിയാദ് നഗരം ഇന്ന് ശക്തമായ പൊടിക്കാറ്റിൽ പൊതിഞ്ഞു. മണിക്കൂറുകളോളം നീണ്ടുനിന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്തിയതോടെ ദൃശ്യപരത ഗണ്യമായി കുറഞ്ഞു. വാഹനങ്ങൾ തമ്മിലുള്ള അകലം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടായി. റോഡുകളിലെ സൈൻബോർഡുകൾ തകർന്നുവീഴുകയും, ലഘുഭാര വസ്തുക്കൾ പറന്നുചെന്ന് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുവരുത്തുകയും ചെയ്തു. പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടായി.
പൊടിക്കാറ്റിനെ തുടർന്ന് ചെറിയതും വലുതുമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ചില പ്രദേശങ്ങളിൽ കാറ്റ് ഉയർത്തിയ ഷീറ്റുകളും മറ്റും വാഹനങ്ങളുടെ മേൽ വീണു. കഴിഞ്ഞ ഒരാഴ്ചയായി സൗദി അറേബ്യയിൽ ഇടിയോടുകൂടിയ മഴയായിരുന്നു. റിയാദിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ മഴ ലഭിച്ചെങ്കിലും നഗരത്തിൽ കുറവായിരുന്നു.
ഇന്നത്തെ പൊടിക്കാറ്റ് പൂർണ്ണമായും അപ്രതീക്ഷിതമായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഇന്ന് രാത്രി വീണ്ടും ശക്തമായ മഴയും ഇടിയോടുകൂടിയ കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. അധികൃതർ ജനങ്ങളോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും, വാഹനമോടിക്കുമ്പോൾ സൂക്ഷ്മത പാലിക്കാനും ആവശ്യപ്പെട്ടു.
Photo and News Source: Sathyam Online



