പ്രശസ്ത ഫോട്ടോഗ്രാഫറും പത്രപ്രവർത്തകനുമായ രഘു റായ് (83) അന്തരിച്ചു. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരത്തിൽ വൈകിട്ട് നാല് മണിക്ക് ലോധി ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടക്കും. ഗുര്‍മീത് റായ് ഭാര്യയാണ്. നിതിൻ റായ്, ലഗാൻ, ആവണി, പുര്‍വായ് എന്നിവർ മക്കളാണ്.

രണ്ടു വർഷമായി ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം വാർദ്ധക്യസംബന്ധമായ പ്രശ്‌നങ്ങളുമായി പോരാടിയിരുന്നു. ഇന്ദിരാ ഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റായ്, ബാല് താക്കറെ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ പകർത്തിയ രഘു റായ്, 1984-ലെ ഭോപാൽ വാതക ദുരന്തത്തിന്റെ ഭീകരതയും ലോകത്തിന് മുന്നിലെത്തിച്ചു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

1942-ൽ പഞ്ചാബിലെ ഝാങ്ങിലാണ് ജനിച്ചത്. മൂത്ത സഹോദരനിൽ നിന്ന് ഫോട്ടോഗ്രാഫി അഭ്യസിച്ചു. 1965-ൽ 'ദി സ്റ്റേറ്റ്സ്മാൻ'യിൽ ചേർന്നു. 1976-ൽ 'സൺഡേ' വാരികയിൽ ഫോട്ടോ എഡിറ്ററായി. 1977-ൽ മാഗ്‌നം ഫോട്ടോസിൽ അംഗമായി. 1980-ൽ ഇന്ത്യാ ടുഡേയിൽ ചേർന്നു പ്രവർത്തിച്ചു.

Photo and News Source: Siraj Live