യാത്രകൾ എപ്പോഴും സുഖകരമാകണമെന്നില്ല. ചിലപ്പോൾ അത് ഹൃദയത്തെ കീറിമുറിക്കുകയും ചെയ്യും. ബോധത്തിന്റെ നനുത്ത താഴ്വാരങ്ങളിൽ മഞ്ഞുപാളികൾ പെയ്തിറങ്ങുന്ന യാത്രകൾക്കൊടുവിൽ നമ്മൾ മറ്റൊരാളായി മാറിക്കഴിഞ്ഞിരിക്കും. 2015 ഏപ്രിലിൽ കോഴിക്കോട് ബാങ്ക്‌മെൻസ് ക്ലബ് സംഘടിപ്പിച്ച നേപ്പാൾ യാത്രയിൽ, ശരീരവും മനസ്സും ഏറെ നേരം തുടിച്ചു നിന്നത് ലുംബിനിയിലായിരുന്നു. സിദ്ധാർഥൻ നടന്ന ബുദ്ധവിഹാരങ്ങളുടെ അവശേഷിപ്പുകളിൽ പടർന്ന് കിടന്ന സാൽ മരച്ചുവടുകളിലൊന്നിൽ മായാദേവിയുടെ പേറ്റുനോവ് ഞാനറിഞ്ഞു.
'സന്തോഷത്തിനായി നിങ്ങൾ പുറത്തെവിടെയും തിരയേണ്ടതില്ല, അത് നിങ്ങളിൽ തന്നെയാണ്' എന്ന വചനം വായിച്ച് ഞാനും എന്തോ പെറുക്കിയെടുത്തതുപോലെ... നേപ്പാൾ യാത്രയിലുടനീളം അനുഭവിച്ച ഹിമാലയൻ സ്പർശം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ഒടുവിൽ നാലു മണിക്കുള്ള വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ.
Photo and News Source: Mathrubhumi



