തിരുവനന്തപുരം: അത്യാഹിതവിഭാഗത്തിൽ എത്തുന്ന രോഗികളുടെ അവസ്ഥ മനസിലാക്കുമ്പോൾ പാമ്പുകടി സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആശുപത്രികളിൽ എത്തുമ്പോൾ പലപ്പോഴും പാമ്പുകടിയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് പ്രശ്നമായി മാറുന്നു. ശരീരത്തിൽ കടിയുടെ അടയാളങ്ങൾ ഉള്ളോ എന്ന് പരിശോധിക്കാൻ നിർദ്ദേശം. സൂപ്രണ്ട്, ഫിസിഷ്യൻ, ആർ.എം.ഒ., അനസ്തറ്റിസ്റ്റുമാർ ഉൾപ്പെടെയുള്ളവർക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം.
അടുത്തിടെയുണ്ടായ മൂന്നു മരണങ്ങളിൽ പാമ്പുകടി ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റിവെനം ലഭ്യമാണെന്ന് പരസ്യപ്പെടുത്തും. താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആവശ്യകത കണക്കാക്കി ആന്റിവെൻമുകൾ സൂക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് പാലക്കാട് ഒഴികെ മറ്റു ജില്ലകളിൽ 350 മുതൽ 375 വരെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട്ടിൽ 751 കേസുകളുമുണ്ടായി. അവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശം.
കരിയില കൂട്ടി കത്തിക്കുന്നത് പാമ്പുകളെ ജനവാസപ്രദേശങ്ങളിലേക്ക് ആകർഷിക്കും. ചൂടുകാലത്ത് കരിയില കൂട്ടി കത്തിക്കരുതെന്ന് ആരോഗ്യവകുപ്പ്. തീ കത്തിക്കുമ്പോൾ സമീപത്തെ മാളങ്ങളിൽനിന്ന് പാമ്പുകൾ പുറത്തിറങ്ങി തണുപ്പിനായി വീടിനടുത്ത് തങ്ങാൻ സാധ്യതയുണ്ട്. കരിയില കൂട്ടിയിട്ട് കത്തിച്ച ഭാഗങ്ങളിലാണ് പാമ്പുകളുടെ സാന്നിധ്യവും കടിയേൽക്കലും കൂടുതലെന്ന് വിലയിരുത്തൽ.
Photo and News Source: Mathrubhumi



