ന്യൂഡൽഹിയിൽ വച്ച്, 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിന് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കാൻ ബില്ലില്‍ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ കമ്മീഷണർമാർ ഈ സമിതിയിലെ അംഗങ്ങളായിരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടും.

ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ നിന്ന് 850 ആയി ഉയർത്തുമെന്നും, ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുന്നു. 815 മണ്ഡലങ്ങൾ സംസ്ഥാനങ്ങളിലും, 35 മണ്ഡലങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടും. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ സംവരണം നടപ്പിലാക്കാനാണ് 2023-ൽ പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയത്തില്‍ ഭേദഗതി വരുത്തുന്നത്.

131-ാം ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും പാർലമെന്റിൽ അവതരിപ്പിക്കും. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനർനിർണയം. അടുത്ത സെൻസസിന് ശേഷം മണ്ഡല പുനർനിർണയം നടത്തണമെന്ന നിലവിലെ നിയമത്തിലെ വ്യവസ്ഥ ഒഴിവാക്കും. മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 81, 82 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നു.

Photo and News Source: Janmabhumi