കേരളത്തിൽ വിഷുവിനുശേഷം കർഷകർ കൃഷിക്കായി കാത്തിരിക്കുന്ന സമയത്താണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതിയ അറിയിപ്പ് നൽകിയത്. ഈ മാസം 18 വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ തുടർച്ചയായ ദിവസങ്ങളിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടവിട്ട് നേരിയ മഴയുണ്ടാകും.
ലക്ഷദ്വീപിലും കുറഞ്ഞ തോതിൽ മഴ സാധ്യതയുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട മഴമേഘങ്ങളാണ് മഴയ്ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ മഴ രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ ദുർബലമാകുമെന്നും സൂചനയുണ്ട്. വിഷുവിനുശേഷം സൂര്യൻ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നതിനാൽ ഇടവിട്ട് മഴ ലഭിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ജൂൺ ഒന്നിന് ആരംഭിക്കേണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ വരെ ഈ മഴ തുടരുമെന്നാണ് കർഷകരുടെ പ്രതീക്ഷ. വിഷുവിനുശേഷം കേരളത്തിൽ പ്രധാനമായും വേനൽക്കാല പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുന്നു.
Photo and News Source: Siraj Live


