കാട്ടാമ്പള്ളി: കിണറുകളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് വാരകടവ് നിവാസികൾ കുടിവെള്ളക്ഷാമം നേരിടുന്നു. റിങ്ക് സ്കൂളിനടുത്തുള്ള ഇരുപതോളം വീടുകളിലാണ് വെള്ളക്കുറവ് അനുഭവപ്പെടുന്നത്. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ഷട്ടർ തുറന്നുകിടക്കുന്നതിനാൽ കിണറുകളിലെ വെള്ളത്തിന് ഉപ്പുരസം ഉണ്ടാകുന്നു.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കണക്ഷൻ ഉണ്ട്. എന്നാൽ, മൂന്ന് ദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ദിവസേന വെള്ളം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർ സ്ഥലം സന്ദർശിച്ച് വെള്ളക്കുറവിനെക്കുറിച്ച് അന്വേഷിച്ചു.
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സംസാരിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വെള്ളം എത്തിക്കണമെന്ന് നിർദ്ദേശിച്ചു. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, റിഷാം താണ, റിജിൽ മാക്കുറ്റി, കൗൺസിലർമാരായ ശഹദ് മാങ്കടവൻ, അർഷാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Photo and News Source: Mathrubhumi



