സുൽത്താൻബത്തേരിക്കടുത്തും മീനങ്ങാടിയിലുമായി ദേശീയപാതയിൽ രണ്ട് വാഹനാപകടങ്ങൾ നടന്നു. ബത്തേരിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളടക്കം ഏഴുപേർക്കും ബസ് യാത്രക്കാരായ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. ബത്തേരിയിൽനിന്ന് തേലമ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. മൈസൂരു ഭാഗത്തുനിന്ന് വന്ന കാർ മറ്റൊരുവാഹനത്തെ മറികടന്ന് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ബസിലുള്ളവർ പറയുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പോലീസ്, നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് അല്പനേരം ഗതാഗതം തടസപ്പെട്ടു.

മീനങ്ങാടിയിൽ ഗുഡ്‌സ് വാൻ (മാക്സ് ക്യാബ്) നിർത്തിയിരുന്ന രണ്ട് വാഹനങ്ങളിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ മിദ്‌ലാജി(32)യ്ക്കാണ് പരിക്കേറ്റത്. പരിക്കുകളെല്ലാം ചെറുതാണ്. രണ്ട് അപകടങ്ങളിലും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Photo and News Source: Mathrubhumi