കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് അഡീഷണൽ ജഡ്ജിയായി എ.കെ. പ്രീതയെ നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതിനെ തുടർന്നാണ് നിയമനം നടന്നത്. മെഡിക്കൽ റെക്കോർഡുകളെ മൗലികാവകാശമായി പ്രഖ്യാപിച്ച ചരിത്രപ്രധാനമായ വിധിയിലായിരുന്നു പ്രീതയുടെ പ്രധാന സംഭാവന.

പിങ്ക് പോലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിർവചനം തുടങ്ങിയ വിഷയങ്ങളിൽ ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധികളിലും പ്രീതയുടെ പങ്ക് പ്രമുഖമായിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് 'റെഡി ടു വൈറ്റ്' സംഘടനയ്ക്ക് വേണ്ടി ഹാജരായതും പ്രീതയാണ്.

കേരള ഹൈക്കോടതിയിൽ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന പ്രീത, ഹൈക്കോടതി മുൻ ജഡ്ജി എം. രാമചന്ദ്രന്റെ ജൂനിയറായിരുന്നു. ഭരണഘടന, തൊഴിൽ, സർവീസ് കേസുകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രീത തിരുവനന്തപുരത്തെ ലോ അക്കാദമിയിൽ നിന്ന് 1996-ൽ നിയമബിരുദം നേടി. 1997 മുതൽ ഹൈക്കോടതിയിൽ പ്രവർത്തിക്കുന്നു.

Photo and News Source: Sathyam Online