കേരളത്തിൽ ഈ ആഴ്ച അവസാനം വരെ ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഏപ്രിൽ 18 വരെ ഇത്തരമൊരു സ്ഥിതി തുടരുമെന്നാണ് കണക്കാക്കുന്നത്. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 40 ഡിഗ്രിയാണ്. മലമ്പുഴ ഡാം പരിസരത്താണ് ഈ ഉയർന്ന താപനില രേഖപ്പെടുത്തിയത്. കൊല്ലം ജില്ല രണ്ടാം സ്ഥാനത്താണ്, 38 ഡിഗ്രി സെൽഷ്യസ് താപനിലയോടെ.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയുമാണ് താപനില. ഈ വേനൽക്കാലത്ത് വേനൽ മഴ പേരിന് പോലും ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തു നേരിടുന്നത്. മുന്തര വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വേനൽ മഴ നാമമാത്രമാണ്.
40 ഡിഗ്രി താപനിലയോടെ പകൽ സമയത്ത് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ള ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയുടെയും മിന്നലോടുകൂടിയ മഴയുടെയും സാധ്യതയുണ്ട്. വേനൽ ചൂട് ഉയരുന്നതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെടുന്നു. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നു. ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥത എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Photo and News Source: Sathyam Online


