സൗദി അറേബ്യ, ജോർദാൻ, സിറിയ വഴി തുർക്കിയെ ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ പുതിയ റെയിൽവേ പദ്ധതിയുടെ സാധ്യതാ പഠനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽജാസർ പ്രഖ്യാപിച്ചു.

ഒരു നൂറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന ഹിജാസ് റെയിൽവേയുടെ പുനരുജ്ജീവനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രാജ്യങ്ങൾക്കിടയിലെ കരഗതാഗത സംവിധാനം ശക്തിപ്പെടുത്തുക, വ്യാപാര ഇടപാടുകൾക്ക് ഉത്തേജനം നൽകുക, പ്രാദേശിക സംയോജനം വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

നിലവിൽ സൗദിയുടെ ദേശീയ റെയിൽ ശൃംഖല ജോർഡാൻ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്നു. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലുള്ള റെയിൽവേ കണക്റ്റിവിറ്റിയുടെ തന്ത്രപരമായ കേന്ദ്രമായി ഈ പാത മാറുമെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ സജീവമായി നടക്കുകയാണ്. സൗദി-ജോർഡാൻ ഗതാഗത മന്ത്രിമാർ തമ്മിലുള്ള വീഡിയോ കോൺഫറൻസ് ഉൾപ്പെടെ വിവിധ ചർച്ചകൾ പുരോഗമിക്കുന്നു.

Photo and News Source: Asianet News