ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യൻ സേനയുമായി കരാറിൽ ഏർപ്പെട്ട് യുദ്ധത്തിൽ പങ്കെടുത്തവരാണ് ഇവർ. സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സൈന്യത്തിൽ ചേർന്ന ഇവർ യുദ്ധമുഖത്തെത്തുകയായിരുന്നു.

വിവിധ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ വിവരങ്ങൾ കോടതിയെ അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അവരെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുദ്ധമേഖലയിൽ കുടുങ്ങിയ ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കി.

2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുന്നു. നാല് വർഷം കഴിഞ്ഞിട്ടും യുദ്ധത്തിൽ ശാശ്വത സമാധാനം ഉറപ്പാക്കാനായിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലും ചർച്ചകൾ നടന്നെങ്കിലും ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ യുദ്ധം മുറുകുകയായിരുന്നു. കഴിഞ്ഞ ആഴ്ച, ഓർത്തഡോക്സ് ഈസ്റ്ററിനോടനുബന്ധിച്ചുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ യുക്രൈനിൽ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടന്നു.

Photo and News Source: Malayalam Express