റോമിൽ നിന്നും: വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ പിന്മാറുകയാണെങ്കിൽ പകരം ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശം ഇറ്റാലിയൻ കായികലോകം ശക്തമായി നിരാകരിച്ചു. ട്രംപിന്റെ പ്രത്യേക പ്രതിനിധി പൗലോ സാംപോളി മുന്നോട്ടുവച്ച ഈ നിർദ്ദേശം, ഇറ്റാലിയൻ മന്ത്രിമാരുടെയും കായികമേധാവികളുടെയും കടുത്ത വിമർശനത്തിനു ഇടയാക്കി.

ലോകകപ്പിൽ നിന്ന് പിന്മാറില്ലെന്നും അമേരിക്കയിൽ കളിക്കാൻ തയ്യാറാകുകയാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കായികമന്ത്രി ആൻഡ്രിയ അബോഡി, 'ഇത് സാധ്യമല്ല; നല്ല ആശയവുമല്ല' എന്നു പറഞ്ഞു. ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ലൂസിയാനോ ബ്യൂണ്ഫിഗ്ലിയോ, 'ലോകകപ്പിൽ കളിക്കണമെങ്കിൽ കളിച്ചെടുക്കണം' എന്നു ഊന്നിപ്പറഞ്ഞു.

ധനമന്ത്രി ജിയാൻകാർലോ ജോർജെറ്റി, സാംപോളിയുടെ നീക്കത്തെ 'അപമാനകരം' എന്നു വിശേഷിപ്പിച്ചു. തുടർച്ചയായ മൂന്നാം തവണയും യോഗ്യത നേടാതെ പുറത്തായ നിരാശയിൽ ഇറ്റാലിയൻ ഫുട്ബോൾ ലോകം, രാഷ്ട്രീയ സ്വാധീനത്തിലൂടെ ടൂർണമെന്റിൽ പ്രവേശിക്കുന്നത് അംഗീകരിക്കില്ലെന്നു ഉറപ്പിച്ചു. ഇറാനിയൻ താരങ്ങൾക്ക് വിസ നല്കും; എന്നാൽ പരിശീലകരുടെയും മാധ്യമപ്രവർത്തകരുടെയും ചലനങ്ങൾ നിയന്ത്രിക്കപ്പെടുമെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

Photo and News Source: Sathyam Online