അമേരിക്കയിലെ ടെക്സസിലുള്ള ഗോൾഡൻ പാസ് എൽ.എൻ.ജി പദ്ധതിയിൽ നിന്ന് ഖത്തർ എനർജി ആദ്യ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ആരംഭിച്ചു. 70% ഓഹരിയുള്ള ഖത്തർ എനർജി, 30% എക്സോൺ മൊബൈലുമായി ചേർന്നുള്ള ഈ പദ്ധതി, അമേരിക്കൻ ഊർജ്ജ മേഖലയിലെ ഖത്തറിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്.
ഏപ്രിൽ 23-ന് ടെക്സസിലെ സാബിൻ പാസിലുള്ള പ്ലാന്റിൽ നിന്ന് ആദ്യ എൽ.എൻ.ജി കാർഗോ പുറപ്പെട്ടതായി ഖത്തർ എനർജി പ്രഖ്യാപിച്ചു. 'അൽ-ഖയ്യ' എന്ന പേരുള്ള എൽ.എൻ.ജി കപ്പലിലാണ് ആദ്യ ചരക്ക് കയറ്റിയത്. 20 ബില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച ഈ പദ്ധതി, പ്രതിവർഷം 18 ദശലക്ഷം ടൺ എൽ.എൻ.ജി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
മൂന്ന് എൽ.എൻ.ജി ട്രെയിനുകളിൽ ആദ്യത്തേതിൽ നിന്നാണ് ഉത്പാദനം ആരംഭിച്ചത്. ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതിവാതക ആവശ്യകത നിറവേറ്റുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും സിഇഒയുമായ സാദ് ഷെരീദ അൽ കാബി അഭിപ്രായപ്പെട്ടു. 2019-ൽ 10 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാനുള്ള തീരുമാനമെടുത്തതോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.
Photo and News Source: Asianet News



