ന്യൂഡൽഹിയിൽ വച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവയ്ക്കും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ അറിയിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ബിസിനസ് ഫോറം യോഗത്തിനുശേഷമാണ് കരാർ ഒപ്പിടുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും വ്യാപാരം 500 കോടി ഡോളറായി ഉയർത്തുകയാണ് ലക്ഷ്യം. കൂടാതെ, 15 വർഷത്തിനുള്ളിൽ 2,000 കോടി ഡോളർ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

വൈദഗ്ദ്ധ്യമുള്ള ഇന്ത്യക്കാർക്ക് ഓരോ വർഷവും 5,000 തൊഴിൽ വിസകൾ ന്യൂസിലൻഡ് നൽകും. ഈ വിസയിൽ മൂന്ന് വർഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാം. കരാർ പ്രാബല്യത്തിലാകുമ്പോൾ, ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതി ഒഴിവാകും. തിരിച്ച്, ന്യൂസിലൻഡിലെ 95% ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് നൽകും. കമ്പിളി, കൽക്കരി, തടി, വൈൻ, ബ്ലൂബെറി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ, ഇന്ത്യയിലെ കർഷകരുടെയും ആഭ്യന്തര വ്യവസായികളുടെയും താല്പര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. പാല്, തൈര്, ചീസ്, സവാള, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, പാചക എണ്ണ, റബ്ബർ എന്നിവയ്ക്ക് നികുതി ഇളവ് നല്കില്ല. ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തിലൂടെയാണ് സംരക്ഷണം ഉറപ്പാക്കുന്നത്.

Photo and News Source: Malayalam Express