തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ, വനംവകുപ്പ് കർമ്മ പദ്ധതിയുമായി മുന്നോട്ട് വരുന്നു. 3600 ഓളം സർപ്പ വോളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ലഭ്യമാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശിച്ചു.
പാമ്പുകളെ സുരക്ഷിതമായി മാറ്റുന്നതിനും 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വനംവകുപ്പിന്റെ സർപ്പ ആപ്പിലൂടെയും സേവനം ഉറപ്പാക്കും. എല്ലാ പഞ്ചായത്തുകളിലും വോളണ്ടിയർമാരും വനപാലകരും പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്കരണം നടത്തും.
ഉയർന്ന ചൂട് മൂലം ഇഴജന്തുക്കൾ മാളത്തിൽ നിന്നും പുറത്തേക്ക് വരുന്നു. വീടിന് സമീപമുള്ള മാളങ്ങളും വിള്ളലുകളും നീക്കം ചെയ്യണം. ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നത് എലികളെ ആകർഷിക്കുന്നു. ഇര തേടി പാമ്പുകൾ ഇറങ്ങാതിരിക്കാൻ പരിസര ശുചിത്വം ഉറപ്പാക്കണം. കുട്ടികൾ കളിക്കളത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം.
കുറ്റിക്കാടുകളും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലെ അടിക്കാടുകളും വെട്ടിത്തെളിക്കുന്നതിനായി ജില്ലാ തല സമിതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചിറയിൻകീഴിൽ പാമ്പുകടിയേറ്റു മരിച്ച 8 വയസ്സുകാരന്റെ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകും. ചികിത്സയിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെ തുടർന്നാണ് റിപ്പോർട്ട് തേടിയത്.
Photo and News Source: Sathyam Online



