ക്രിക്കറ്റിൽ ഒരു ദിവസം ഹീറോ ആകുന്നയാൾ അടുത്ത ദിവസം സീറോ ആകാൻ ഒരു ഓവർ മാത്രം മതിയെന്നത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതായിരുന്നു ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം അൻഷുൽ കാംബോജിന്റെ പ്രകടനം. ഐപിഎൽ സീസണിലുടനീളം മികച്ച ഫോമിൽ പന്തെറിഞ്ഞ് സിഎസ്‌കെയുടെ വിക്കറ്റ് വേട്ടക്കാരനായി തിളങ്ങിയ കാംബോജിന്, ലക്‌നൗവിനെതിരായ മത്സരം കരിയറിലെ ഏറ്റവും മോശം അനുഭവമായി മാറി.
മത്സരത്തിൽ വെറും 2.4 ഓവർ അഥവാ 16 പന്തുകൾ മാത്രമാണ് കാംബോജ് എറിഞ്ഞത്. എന്നാൽ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോർഡുകളുടെ പട്ടികയിലേക്കാണ് താരം ഇടംപിടിച്ചത്. 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കാംബോജിന്റെ ബൗളിംഗ് പ്രകടനം ലക്‌നൗവിനെതിരെ പാടെ തകർന്നു. ഒരു വിക്കറ്റ് പോലും നേടാൻ കഴിയാതിരുന്ന താരം വഴങ്ങിയത് 63 റൺസാണ്.
കാംബോജ് എറിഞ്ഞ 16 പന്തുകളിൽ എട്ടെണ്ണവും സിക്‌സറുകളായി മാറി. ഫോറുകൾ കൂടി കണക്കിലെടുത്താൽ എറിഞ്ഞ 11 പന്തുകളും ബൗണ്ടറി ലൈൻ കടന്നു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ തന്റെ തുടർച്ചയായ ഓവറുകളിൽ നാല് സിക്‌സറുകൾ വീതം വഴങ്ങുന്നത്. രണ്ടാം ഓവറിൽ മിച്ചൽ മാർഷും മൂന്നാം ഓവറിൽ നിക്കോളാസ് പൂരനുമാണ് കാംബോജിനെതിരെ തുടർച്ചയായി നാല് സിക്‌സറുകൾ വീതം പറത്തിയത്.
ഇതോടെ ഐപിഎൽ ഇന്നിംഗ്‌സിലുടനീളം എട്ട് സിക്‌സറുകൾ വഴങ്ങുന്ന രണ്ടാമത്തെ ബൗളറായി കാംബോജ് മാറി. കൂടാതെ, മൂന്നോ അതിൽ കുറവോ ഓവറുകൾ എറിഞ്ഞ് 60-ന് മുകളിൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളർ എന്ന നാണക്കേടും താരത്തെ തേടിയെത്തി. 2025-ൽ ആർസിബിക്കെതിരെ മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.
Photo and News Source: Kerala Kaumudi






