തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്നൊരുക്കങ്ങൾ സജീവമായിരിക്കെ, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയോടെ മന്ത്രിമാരുടെ അന്തിമ പട്ടികയും വകുപ്പുകളുടെ വിഭജനവും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് സൂചന. ചാണ്ടി ഉമ്മൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.
ഘടകകക്ഷികളുമായുള്ള ചർച്ചകളും അന്തിമഘട്ടത്തിലാണ്. കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റകക്ഷി എംഎൽഎമാരായ സി.പി. ജോൺ, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർക്ക് നിശ്ചിത കാലയളവിലുള്ള മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ട മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനങ്ങളും കാബിനറ്റ് പദവിയുള്ള ഒരു സ്ഥാനവും നൽകാൻ കോൺഗ്രസ് ധാരണയിലെത്തി.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ് എന്നിവരാണ് ലീഗിന്റെ പരിഗണനാ പട്ടികയിലുള്ളത്. കൊടിക്കുന്നിൽ സുരേഷ് എംപി, ആർഎസ്പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
Photo and News Source: Kerala Kaumudi








