ആറന്മുള മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മന്ത്രി വീണ ജോർജിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. കോൺഗ്രസ് നേതാവ് അബിൻ വർക്കിയോട് പരാജയപ്പെട്ട സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് പാർട്ടി നേതൃത്വം വീണ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ രംഗത്തെത്തിയത്.
പ്രവർത്തകരുമായും പ്രാദേശിക നേതാക്കളുമായും വേണ്ടത്ര ആശയവിനിമയം നടത്തുന്നതിൽ വീണ ജോർജ് പരാജയപ്പെട്ടുവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാൻ തയ്യാറായിരുന്നില്ലെന്നും, ഇത് അണികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായെന്നും വിമർശനമുണ്ട്. ഇത്തരം പെരുമാറ്റരീതികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇതുകൂടാതെ, അനാവശ്യമായ വിവാദങ്ങളിൽ തലയിട്ടതും പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയിൽ യോഗം ചേർന്നത്. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
Photo and News Source: Kerala Kaumudi







