വ്യക്തിജീവിതത്തിലെ പ്രതിസന്ധികളും സൈബര്‍ ആക്രമണങ്ങളും കാരണം അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് നടന്‍ രവി മോഹന്‍. വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം തന്റെ ദുരവസ്ഥ പങ്കുവെച്ചത്. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സിനിമയില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ജീവിതം സാധാരണ നിലയിലാകുന്നത് വരെയും സൈബര്‍ ആക്രമണങ്ങള്‍ അവസാനിക്കുന്നത് വരെയും താന്‍ മാറിനില്‍ക്കുമെന്ന് രവി മോഹന്‍ പറഞ്ഞു. ഗായിക കെനീഷയ്‌ക്കെതിരായ സൈബര്‍ ബുള്ളിയിംഗിനെതിരെയും താരം രൂക്ഷമായി പ്രതികരിച്ചു. "ഒരു പെണ്ണിനെ നിങ്ങളെല്ലാം ചേര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്ത് തീര്‍ത്തുകളഞ്ഞു. അവള്‍ എന്ത് തെറ്റാണ് ചെയ്തത്?" എന്ന് അദ്ദേഹം ചോദിച്ചു.
തന്റെ മക്കളെ കാണാനോ അവരുമായി ഫോണില്‍ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും താരം ആരോപിച്ചു. മക്കളുടെ സ്‌കൂള്‍ ഫീസായ 50 ലക്ഷം രൂപ താനാണ് നല്‍കുന്നതെന്നും, എന്നിട്ടും അവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത് തന്നെ മാനസികമായി തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം ചെയ്ത് നേടിയ ജീവിതം ഇന്ന് പ്രതിസന്ധിയിലാണെന്നും, താനും ഒരു മനുഷ്യനാണെന്നും രവി മോഹന്‍ വികാരാധീനനായി പറഞ്ഞു.
Photo and News Source: Pathram Online









