രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് തിരിച്ചടിയായി സുപ്രീംകോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കണമെന്നാണ് ജസ്റ്റിസ് ജെ.പി. പർദിവാല, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഒരു വർഷം കാത്തിരുന്ന ശേഷം കാര്യമായ പുരോഗതിയില്ലെങ്കിൽ മാത്രം ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിചാരണ നടപടികൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ദർശൻ സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിർദേശം. വിചാരണ വേഗത്തിലാക്കാൻ ബെംഗളൂരുവിലെ വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. സാക്ഷികളെ ദൈനംദിനാടിസ്ഥാനത്തിൽ വിസ്തരിക്കണമെന്നും അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോകരുതെന്നും കോടതി കർശനമായി നിർദേശിച്ചു. ജയിലിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്നും ഏകാന്ത തടവിലാണെന്നുമുള്ള ദർശന്റെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അഭിഭാഷകനും ജയിൽ അധികൃതരും സത്യവാങ്മൂലത്തിലൂടെ തള്ളിക്കളഞ്ഞു.
നടൻ ദർശന്റെ സുഹൃത്തായ നടി പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് കേസ്. 2024 ജൂൺ ഒൻപതിന് രേണുകാസ്വാമിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയതിനെത്തുടർന്ന് ജൂൺ 11-ന് ദർശൻ അറസ്റ്റിലായി. നേരത്തെ കർണാടക ഹൈക്കോടതി ദർശന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും, സുപ്രീംകോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ വൈകുന്നത ചൂണ്ടിക്കാട്ടി താരം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
Photo and News Source: Pathram Online







