കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപിയിലെ മൂന്ന് നിയുക്ത എംഎൽഎമാരും പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചുവെന്നും, അദ്ദേഹത്തിന് നന്ദിയും ആശംസകളും നേരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. ബിജെപി/എൻഡിഎ മുന്നണിയിലെ മറ്റ് സഹപ്രവർത്തകരും മേയ് 18-ന് നടക്കുന്ന ചടങ്ങിൽ സന്നിഹിതരായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ കർണാടക, തെലങ്കാന, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും പങ്കെടുക്കും. ഇവർക്ക് ചീഫ് സെക്രട്ടറി ഔദ്യോഗികമായി ക്ഷണക്കത്തയച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സാക്ഷ്യം വഹിക്കും. യുഡിഎഫ് ടീം എന്ന നിലയിൽ മന്ത്രിസഭ ഒന്നടങ്കം സത്യപ്രതിജ്ഞ ചെയ്യണമെന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചിരിക്കുന്നത്.

Photo and News Source: Kerala Kaumudi Latest