തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഏകദേശം 25,000-ത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി തലസ്ഥാനത്ത് പൂർത്തിയായി വരുന്നത്.
ചടങ്ങിൽ തമിഴ്‌നാട്, കർണാടക, തെലങ്കാന മുഖ്യമന്ത്രിമാർ പങ്കെടുക്കും. കൂടാതെ ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർക്കും ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി തുടങ്ങിയ ദേശീയ നേതാക്കളും ചടങ്ങിൽ സന്നിഹിതരാകും. ചലച്ചിത്ര മേഖലയിൽ നിന്നടക്കം സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർക്കും ക്ഷണമുണ്ട്.
പ്രത്യേക ശ്രദ്ധയാകർഷിക്കുന്നത് യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബി.ജെ.പി എം.എൽ.എമാരും പങ്കെടുക്കും എന്നതാണ്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഫോണിൽ വിളിച്ച് ക്ഷണിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. താൻ ചടങ്ങിൽ പങ്കെടുക്കുമെന്നും വി.ഡി. സതീശന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം, പുതിയ സർക്കാരിന്റെ പ്രവർത്തന ശൈലിയെക്കുറിച്ചുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ലെന്നും യാത്രകളിൽ റോഡ് ബ്ലോക്കുകൾ ഒഴിവാക്കുമെന്നും വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും അന്തിമഘട്ടത്തിലാണ്.
Photo and News Source: Suprabhaatham









