കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മിഷണര്‍ വിനീത് ഗോയല്‍, മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ഇന്ദിര മുഖര്‍ജി, അഭിഷേക് ഗുപ്ത എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കേസില്‍ നിന്ന് പിന്മാറുന്നതിനായി പണം വാഗ്ദാനം ചെയ്തതും, അനധികൃതമായി വാര്‍ത്താസമ്മേളനം നടത്തിയതും, കേസ് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ച വരുത്തിയതും ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. നിലവില്‍ കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. ഈ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ ഇടപെടലുകളും നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ആഭ്യന്തര സെക്രട്ടറിയായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍ നടപടികള്‍ നിയന്ത്രിക്കുക.

അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം വേഗത്തില്‍ സംസ്‌കരിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുന്‍ ടിഎംസി എംഎല്‍എ നിര്‍മല്‍ ഘോഷ്, സോമനാഥ് ദാസ്, പ്രാദേശിക പ്രവര്‍ത്തകന്‍ സഞ്ജിബ് മുഖോപാധ്യായ എന്നിവര്‍ക്കെതിരെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. മൃതദേഹം കൈക്കലാക്കി സംസ്‌കാര നടപടികള്‍ വേഗത്തിലാക്കിയെന്നും, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കുടുംബത്തിന് കൈമാറുന്നതില്‍ തടസം നിന്നുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Photo and News Source: Janmabhumi