മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ മത്തി, രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊല്ലം തീരത്ത് വീണ്ടും സുലഭമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം പോർട്ട് മുതൽ താന്നി വരെയുള്ള തീരപ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വലനിറയെ മത്തി ലഭിക്കുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്. മുൻകാലങ്ങളിൽ കേരളത്തിൽ നാല് ലക്ഷം ടൺ വരെ ലഭിച്ചിരുന്ന മത്തി, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വെറും 30,000 ടണ്ണായി കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ അനുകൂലമായ കാലാവസ്ഥ മത്തിയുടെ ലഭ്യതയിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയിരിക്കുകയാണ്.
തമിഴ്‌നാട് മുതൽ ബംഗാൾ വരെയുള്ള നാല് സംസ്ഥാനങ്ങളിൽ നിലവിൽ ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും മത്സ്യം വാങ്ങാനായി കൊല്ലത്തേക്ക് എത്തുന്നുണ്ട്. നിലവിൽ വിപണിയിൽ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെയാണ് മത്തിയുടെ വില. മേയ് പകുതി മുതൽ സെപ്റ്റംബർ വരെയാണ് നെയ്ച്ചാളയുടെ പ്രധാന സീസൺ. ജൂൺ-ജൂലൈ മാസങ്ങൾ ഇവയുടെ പ്രജനന കാലമായതിനാൽ ഇപ്പോൾ ലഭിക്കുന്ന മത്തിയിൽ മുട്ടയുണ്ടാകാൻ സാധ്യതയുണ്ട്.
രുചിയിൽ മാത്രമല്ല, പോഷകഗുണത്തിലും മത്തി ഏറെ മുന്നിലാണ്. ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്താതിമർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ഡി, ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാലും സമ്പന്നമാണ് മത്തി. ഒക്ടോബർ കഴിയുന്നതോടെ ഇവയുടെ എണ്ണമയം കുറയുമെന്നതിനാൽ, ഈ സീസണിൽ ലഭിക്കുന്ന മത്തിക്ക് പ്രത്യേക സ്വാദും ഗുണവുമുണ്ട്.
Photo and News Source: Janmabhumi







