സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന 'ജയിലർ 2' എന്ന ചിത്രത്തിന്റെ സെറ്റിൽ ദാരുണമായ അപകടം. ചിത്രത്തിന്റെ ആർട്ട് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കാർത്തികേയൻ (28) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ചെന്നൈ പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയിൽ വെച്ച് സെറ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അപകടം നടന്ന ഉടൻ തന്നെ സഹപ്രവർത്തകർ കാർത്തികേയനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കാനത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2023-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, മോഹൻലാൽ, വിനായകൻ, ഹക്കിം ഷാ, മേഘ്ന രാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ജൂൺ 12-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
Photo and News Source: Janmabhumi









