തുൻബെർജിയ ചെടികൾ പൂന്തോട്ടങ്ങളുടെ പ്രിയങ്കരമായ അലങ്കാരസസ്യങ്ങളാണ്. പെട്ടെന്നു പടർന്നു കയറി പച്ചമയവും വർണ്ണാഭവുമാക്കുന്ന ഇവ, കേരളത്തിലെ അലങ്കാരച്ചെടി മാർക്കറ്റുകളിലും സ്വാധീനം ചെലുത്തുന്നു. തുൻബെർജിയ ജനുസ്സിൽ പെട്ട ഈ ചെടി, അകാന്തേസി കുടുംബത്തിൽ ഉൾപ്പെടുന്നു. ആഫ്രിക്ക, ഏഷ്യ, മഡഗാസ്കർ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയുടെ ഉറവിടം. കേരളത്തിൽ അധിനിവേശയിനങ്ങളായി മാറാൻ സാധ്യതയുള്ളവയാണ് തുൻബെർജിയ ഇറക്റ്റ, ഗ്രാൻഡിഫ്ലോറ, അലേറ്റ, ലോറിഫോളിയ തുടങ്ങിയ ഇനങ്ങൾ. ബുഷ് ക്ലോക്ക് വൈൻ എന്നറിയപ്പെടുന്ന തുൻബെർജിയ ഇറക്റ്റ കുറ്റിച്ചെടിയാണ്.
രണ്ടു മുതൽ മൂന്നു മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ വയലറ്റ് അല്ലെങ്കിൽ നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നു. പൂക്കൾക്ക് ഏകദേശം ആറു മുതൽ എട്ടു സെന്റീമീറ്റർ നീളമുണ്ട്. വെളുത്ത പൂക്കളുള്ള ഇനങ്ങളും കാണാം. ഒന്നര മുതൽ ആറര സെന്റീമീറ്റർ നീളമുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. വേഗത്തിൽ വളരുന്ന, ഇടതൂർന്ന ശാഖകളുള്ള ഈ ചെടി നല്ല സൂര്യപ്രകാശവും നീർവാർച്ചയുമാണ് ഇഷ്ടപ്പെടുന്നത്. നട്ടുപിടിക്കുന്നതിന് മുമ്പ് ഇവയുടെ സ്വഭാവം അറിഞ്ഞിരിക്കണം.
Photo and News Source: Samakalika Malayalam



