കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപനം ഇത്തവണ ഏറെ ശ്രദ്ധേയമായി. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും, ഇത്തവണ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതൊരു അപൂര്‍വ്വ നിമിഷമായാണ് കേരളം നോക്കിക്കാണുന്നത്.
1986-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ മൂന്നാം റാങ്ക് നേടിയ വ്യക്തിയാണ് ഡോ. ഷര്‍മിള മേരി ജോസഫ്. തനിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, ഇതൊരു നിയോഗമായി കാണുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് താന്‍ അനുഭവിച്ച പരീക്ഷാ സമ്മര്‍ദ്ദങ്ങളെക്കുറിച്ചും അന്ന് ആദ്യ മൂന്ന് റാങ്കുകളും പെണ്‍കുട്ടികളാണ് നേടിയതെന്നും അവര്‍ ഓര്‍മ്മിച്ചു.
ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നിരവധി അവസരങ്ങളുണ്ടെന്നും അവ കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും ഡോ. ഷര്‍മിള ഉപദേശിച്ചു. ലക്ഷ്യബോധത്തോടെ പഠിക്കാനും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം ചെയ്യാനും അവര്‍ കുട്ടികളെ ആഹ്വാനം ചെയ്തു. ഡോക്ടറായ ശേഷം എംഡി പഠനത്തിനിടെയാണ് തനിക്ക് ഐഎഎസ് ലഭിച്ചതെന്നും, ആത്മവിശ്വാസത്തോടെ മുന്നേറാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Photo and News Source: Samakalika Malayalam










