നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യസൂത്രധാരനായ പൂനെയിലെ കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണിയെ സിബിഐ അറസ്റ്റ് ചെയ്തു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിൽ വർഷങ്ങളായി അംഗമായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഇയാൾ ചോർത്തുകയായിരുന്നു.

തന്റെ വീട്ടിൽ രഹസ്യമായി കോച്ചിങ് ക്ലാസുകൾ നടത്തിയാണ് കുൽക്കർണി വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പറുകൾ വിറ്റതെന്ന് സിബിഐ കണ്ടെത്തി. മനീഷ വാഗ്മാരെ എന്ന മറ്റൊരു പ്രതിയുടെ സഹായത്തോടെയാണ് ഇയാൾ ഈ ക്രമക്കേടുകൾ ആസൂത്രണം ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. രാജസ്ഥാൻ സ്വദേശികളായ മംഗി ലാൽ, ദിനേഷ് ബിവാൽ എന്നിവരും നേരത്തെ പിടിയിലായവരിൽ ഉൾപ്പെടുന്നു. മുൻ വർഷങ്ങളിലും ഇവർ സമാനമായ രീതിയിൽ ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടോ എന്ന് അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ട്.

അതേസമയം, പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ രീതിയിലേക്ക് മാറ്റുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. നിലവിലെ ഒഎംആർ ഷീറ്റ് അടിസ്ഥാനമാക്കിയുള്ള രീതിക്ക് പകരമായി കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർധിപ്പിക്കാനും ക്രമക്കേടുകൾ പൂർണ്ണമായും ഒഴിവാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

പുതിയ പരീക്ഷാ ഘടന, സാങ്കേതിക സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു. പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നാഷണൽ ടെസ്റ്റിങ് ഏജൻസിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 'സീറോ-എറർ' പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo and News Source: Suprabhaatham