രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതി. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. ജഡ്ജിമാർക്കായി കാർപൂളിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജഡ്ജിമാർ ഈ തീരുമാനത്തോട് പൂർണമായ പിന്തുണയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

കോടതി നടപടികളിലും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി മുതൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ കോടതി നടപടികൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കും നടക്കുക. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അഭിഭാഷകർക്കും കക്ഷികൾക്കും നേരിട്ടോ ഓൺലൈൻ വഴിയോ കോടതിയിൽ ഹാജരാകാനുള്ള അവസരമുണ്ടാകും. വിർച്വൽ ഹിയറിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ യാത്രകൾ പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

സുപ്രീംകോടതി രജിസ്ട്രിയിലെ ജീവനക്കാർക്കും പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്ട്രിയിലെയും വിവിധ സെക്ഷനുകളിലെയും അൻപതുശതമാനം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (Work From Home) സൗകര്യം അനുവദിച്ചു. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നടപടികളിലൂടെ സുപ്രീംകോടതി ലക്ഷ്യമിടുന്നത്.

Photo and News Source: Mathrubhumi