കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടിമിന്നൽ അപകടകാരിയായതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുകയും, ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. വീടുകളിലെ വൈദ്യുതോപകരണങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്നതും ടെലിഫോൺ ഉപയോഗം ഒഴിവാക്കുന്നതും സുരക്ഷിതമാണ്.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ടെറസിലോ തുറസായ സ്ഥലങ്ങളിലോ കുട്ടികൾ കളിക്കുന്നത് കർശനമായി ഒഴിവാക്കണം. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും അപകടകരമാണ്. ഇടിമിന്നൽ ദൃശ്യമല്ലെങ്കിലും മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുത്.

Photo and News Source: Kerala Kaumudi Latest