ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. സെൻഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ അദ്ദേഹത്തിന് ലഭിച്ച ജാമ്യം അസാധുവായി.
ശിക്ഷ മരവിപ്പിക്കണമെന്ന സെൻഗാറിന്റെ അപേക്ഷ വേനൽക്കാല അവധിക്ക് മുൻപായി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്ന് കോടതി ആവശ്യപ്പെട്ടു.
പോക്സോ നിയമപ്രകാരം അതിക്രൂരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഒരാളെ, അതും ഒരു എംഎൽഎയെ 'പൊതുപ്രവർത്തകൻ' അഥവാ പൊതുസേവകനായി കണക്കാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഗൗരവമേറിയ പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിയമപരമായ ഈ ചോദ്യം കേസിന്റെ വിധിയിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ ഡൽഹി ഹൈക്കോടതി നൽകിയ ജാമ്യത്തിനെതിരെ ഇരയായ പെൺകുട്ടിയും കുടുംബവും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്.
Photo and News Source: Sathyam Online







