കാസർകോട് വെള്ളരിക്കുണ്ട് ബളാൽ സ്വദേശിയായ വിഷ്ണു നാരായണൻ (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വെള്ളരിക്കുണ്ട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിഷ്ണുവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും, കഴിഞ്ഞ മേയ് പത്തിന് ബളാലിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താൻ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വധുവും ബന്ധുക്കളും കൃത്യസമയത്ത് തന്നെ ക്ഷേത്രത്തിലെത്തി.

എന്നാൽ, നിശ്ചയിച്ച മുഹൂർത്തം കഴിഞ്ഞിട്ടും വരനും സംഘവും ക്ഷേത്രത്തിൽ എത്തിച്ചേർന്നില്ല. ഇതിനിടെ, വരന്റെ ബന്ധുക്കൾ ക്ഷേത്രത്തിലെത്തി വിഷ്ണുവിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങുകയും വധുവും കുടുംബവും നിരാശയോടെ മടങ്ങുകയും ചെയ്തു.

വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ, വിവാഹ വാഗ്ദാനം നൽകി വിഷ്ണു തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Photo and News Source: Pathram Online