കേരളത്തിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. തീരുമാനം പുറത്തുവന്നതിന് പിന്നാലെ വഴുതക്കാട്ടെ വസതിയിൽ നിന്ന് അദ്ദേഹം മടങ്ങുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന തൻറെ സീനിയോറിറ്റിയും പാർട്ടിക്ക് നൽകിയ സേവനങ്ങളും ഹൈക്കമാൻഡ് അവഗണിച്ചുവെന്നാണ് ചെന്നിത്തലയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നടക്കുമ്പോൾ അച്ചടക്കം പാലിച്ച് പാർട്ടിക്ക് വിധേയനായി നിന്ന തന്നെ തഴഞ്ഞതിൽ അദ്ദേഹത്തിന് വലിയ അമർഷമുണ്ട്. വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ അനുരഞ്ജന സ്ഥാനാർത്ഥിയായി താൻ വരുമെന്നായിരുന്നു അണികളുടെ പ്രതീക്ഷ.
നിലവിൽ വി ഡി സതീശൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ താനുണ്ടാകില്ലെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്ന ജ്യോതി കുമാർ ചാമക്കാല, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും ഹൈക്കമാൻഡ് തീരുമാനത്തിലുള്ള അതൃപ്തി പരോക്ഷമായി പങ്കുവെച്ചിരുന്നു. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങൾക്ക് ചെന്നിത്തല വഴങ്ങുമോ എന്നതാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Photo and News Source: Kairali News









