പശ്ചിമബംഗാളിലെ സ്കൂൾ അസംബ്ലികളിൽ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് പുതിയ നിർദേശം. വിദ്യാർത്ഥികൾ നിർബന്ധമായും ഈ ഗാനാലാപനത്തിൽ പങ്കുചേരണമെന്നും ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിർദേശം സ്കൂളുകളിൽ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അതത് സ്കൂൾ മേധാവികളുടെ ഉത്തരവാദിത്തമാണ്. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി, സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ദേശീയഗാനമായ ‘ജനഗണമന’ മാത്രമായിരുന്നു സ്കൂളുകളിൽ പതിവായി ആലപിച്ചിരുന്നത്.

പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിൽ ഇത്തരമൊരു സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. സ്കൂളുകളിൽ ദേശഭക്തി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Photo and News Source: Express Kerala