നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടർന്നുള്ള പുനഃപരീക്ഷാ പ്രഖ്യാപനവും സൃഷ്ടിച്ച കടുത്ത മാനസിക സമ്മർദത്തെത്തുടർന്ന് രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലും ഗോവയിലുമാണ് ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. പരീക്ഷ റദ്ദാക്കിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ വിദ്യാർഥികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഗോവയിൽ മരിച്ച 17 വയസ്സുകാരൻ, തനിക്ക് വീണ്ടും പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഊർജിതമാക്കി. രാജസ്ഥാനിൽ ബിജെപി നേതാവടക്കം മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി ഉയർന്നു. ജയ്പൂരിലെ യുവമോർച്ച നേതാവ് ദിനേശ് ബിവാൾ, സഹോദരൻ മംഗിളാൾ ബിവാൾ, മകൻ വികാസ് ബിവാൾ എന്നിവരാണ് റിമാൻഡിലായത്. സികാറിലെ കരിയർ കൗൺസലറായ രാകേഷ് കുമാറാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി 20,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് ചോദ്യപേപ്പർ വിറ്റതെന്ന് സിബിഐ വ്യക്തമാക്കുന്നു. നേരത്തെ പിടിയിലായ ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മാരെ എന്നിവരുടെ അറസ്റ്റും കേന്ദ്ര ഏജൻസി രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ചോദ്യപേപ്പർ ചോർച്ചയും രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദങ്ങൾ അനുഭവിക്കുന്നവർ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ദിശ' ഹെൽപ് ലൈനുമായി ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.

Photo and News Source: Suprabhaatham