ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ആഡംബര സ്വകാര്യ ബസ്, ചോറ്റില-രാജ്കോട്ട് ദേശീയ പാതയിൽ വെച്ച് ടാങ്കറിന് പിന്നിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 2:30 ഓടെ സങ്കാനി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
പ്രാഥമിക നിഗമനമനുസരിച്ച്, ടാങ്കറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കുള്ളിൽ ഇരു വാഹനങ്ങളിലും തീ പടർന്നു. വൻ സ്ഫോടനത്തോടെയാണ് തീ ആളിപ്പടർന്നത്. ഉറക്കത്തിലായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും നാല് പേർക്ക് ജീവൻ നഷ്ടമായി.
അപകടത്തിൽ പരിക്കേറ്റ പത്തോളം പേരെ ഉടൻ തന്നെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. ടാങ്കറിൽ കൊണ്ടുപോയിരുന്ന വസ്തുക്കളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Photo and News Source: Media Mangalam








