മലയാള ഗാനങ്ങൾ മനോഹരമായി ആലപിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ് (47) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മലയാളിയായ സുജയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. ഭാര്യയിലൂടെയാണ് ഗ്രേഡി മലയാള സംഗീതത്തെ അറിഞ്ഞതും അതിനോട് പ്രണയത്തിലായതും.
‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഗാനം ഗ്രേഡി ആലപിച്ചത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ സാന്നിധ്യത്തിൽ അദ്ദേഹം ഈ ഗാനം പാടിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇത് ഇരുവരും തമ്മിൽ ഊഷ്മളമായ സൗഹൃദത്തിന് വഴിയൊരുക്കുകയും ചെയ്തു.
മലയാള സിനിമയിൽ ഗാനം ആലപിച്ച ആദ്യ അമേരിക്കൻ ഗായകൻ എന്ന ഖ്യാതിയും ഗ്രേഡി ലോങ്ങിനുണ്ട്. സംവിധായകൻ ആന്റണി സോണി വഴിയാണ് അദ്ദേഹം സംഗീത സംവിധായകൻ മെജോ ജോസഫിനെ പരിചയപ്പെടുന്നത്. തുടർന്ന് ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിൽ മെജോ ജോസഫ് ഈണം നൽകിയ തീം സോംഗ് ആലപിക്കാൻ ഗ്രേഡിക്ക് അവസരം ലഭിച്ചു.
അമേരിക്കയിലെ ജീവിതം ഉപേക്ഷിച്ച് കേരളത്തിലേക്ക് താമസം മാറിയ ഗ്രേഡിക്ക് മലയാളികൾക്കിടയിൽ വലിയ ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സംഗീത പ്രേമികൾക്കും മലയാളികൾക്കും വലിയൊരു നഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
Photo and News Source: Janmabhumi







