പ്രീമിയം ബൈക്കുകൾക്ക് സമാനമായ ഇന്ധനക്ഷമതയും ആഡംബര എസ്‌യുവിയുടെ കരുത്തും ഒത്തുചേർന്നപ്പോൾ ഇന്ത്യൻ നിരത്തുകളിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ പുതിയ ചരിത്രം കുറിക്കുകയാണ്. ടൊയോട്ടയുടെ എക്കാലത്തെയും പ്രിയപ്പെട്ട മോഡലായ ഇന്നോവയുടെ വിപണി ആധിപത്യത്തിന് പോലും വെല്ലുവിളിയായി ഹൈറൈഡർ മാറിക്കഴിഞ്ഞു. 2026 ഏപ്രിലിലെ കണക്കുകൾ പ്രകാരം 9,115 ഹൈറൈഡറുകളാണ് വിറ്റഴിഞ്ഞത്. ഇന്നോവയുടെ 9,630 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസം വെറും 515 യൂണിറ്റുകളായി ചുരുങ്ങിയിരിക്കുന്നു.

കഴിഞ്ഞ വർഷം ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഹൈറൈഡറിന്റെ വിൽപ്പനയിൽ 96 ശതമാനത്തിന്റെ അവിശ്വസനീയമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഏപ്രിലിൽ 4,642 യൂണിറ്റുകൾ മാത്രം വിറ്റഴിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഇരട്ടിയോളം വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 99,890 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഒരു ലക്ഷം എന്ന നാഴികക്കല്ലിന് തൊട്ടരികിലാണ് ഈ വാഹനം എത്തിനിൽക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 65 ശതമാനം വളർച്ചയാണ് ഹൈബ്രിഡ് എസ്‌യുവി കൈവരിച്ചത്.

പെട്രോൾ, സ്ട്രോങ്ങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ഹൈറൈഡർ ലഭ്യമാണ്. ഇതിൽ ലിറ്ററിന് 27.97 കിലോമീറ്റർ വരെ മൈലേജ് നൽകുന്ന ഹൈബ്രിഡ് മോഡലിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. E, S, G, V എന്നീ അഞ്ച് വേരിയന്റുകളിൽ എത്തുന്ന വാഹനം, ഇന്ധനക്ഷമതയേറിയ വാഹനങ്ങളിലേക്ക് ഉപഭോക്താക്കൾ മാറുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. മിഡ്-സൈസ് എസ്‌യുവികളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് ഇടംപിടിച്ച ഹൈറൈഡർ, ടൊയോട്ടയുടെ ഇന്ത്യൻ വിപണിയിലെ കരുത്തുറ്റ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

Photo and News Source: DriveSpark