പാലക്കാട് മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയിൽ താമസിച്ചിരുന്ന ചന്ദ്രൻ (45) ആണ് ദാരുണമായി മരിച്ചത്. കഠിനമായ ചൂട് കാരണം വീടിന് പുറത്ത് പുളിമരച്ചുവട്ടിൽ ഉറങ്ങുകയായിരുന്ന ചന്ദ്രനും മറ്റ് രണ്ടുപേർക്കും നേരെ പുലർച്ചെ മൂന്നരയോടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ചന്ദ്രനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടെങ്കിലും, ചന്ദ്രന് അപകടത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. ആനയുടെ ചവിട്ടേറ്റ ചന്ദ്രൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. മുൻപ് മലമ്പുഴ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
സാധാരണയായി കാട്ടാനകളുടെ ശല്യം ഇല്ലാത്ത പ്രദേശമാണിതെന്ന് നാട്ടുകാർ പറയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണം പ്രദേശവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ വനംവകുപ്പ് അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Photo and News Source: Suprabhaatham







