ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശിച്ചുവെന്ന അവകാശവാദം യുഎഇ ഔദ്യോഗികമായി നിഷേധിച്ചു. നെതന്യാഹു യുഎഇയിൽ എത്തുകയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ അറിയിച്ചിരുന്നു. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു വഴിത്തിരിവാണെന്നും അവർ അവകാശപ്പെട്ടിരുന്നു.

എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചോ, ഏതെങ്കിലും ഇസ്രയേലി സൈനിക പ്രതിനിധിയെ സ്വീകരിച്ചതിനെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ പൂർണ്ണമായും നിഷേധിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് യുഎഇ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി.

അതേസമയം, നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇസ്രയേലുമായി ചേർന്ന് ഭിന്നത വിതയ്ക്കുന്നവരെ കണക്കുപറയിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു. ഇറാനിയൻ സുരക്ഷാ വിഭാഗങ്ങൾ നേരത്തെ കൈമാറിയ വിവരങ്ങളാണ് നെതന്യാഹു ഇപ്പോൾ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Photo and News Source: Deepika